യാഹൂ എന്തുകൊണ്ട് പരാജയപ്പെട്ടു? ഇത് വലിയൊരു ചോദ്യം തന്നെയാണ് പ്രത്യേകിച്ച് ടെക് ലോകത്ത്. ഇൻറർനെറ്റിൻറെ ആരംഭ സമയത്ത് അതികായൻമാരായി വാണിരുന്ന യാഹുവിന് പിന്നീട് എന്താണ് സംഭവിച്ചത്? യാഹുവിൻറെ പതനത്തിൽ ഗൂഗിളിന് പങ്കുണ്ടോ? യാഹുവിൻറെ പരാജയത്തിന് വഴി വെച്ച യഥാർത്ഥ കാരണങ്ങളെ ഞാനിവിടെ വ്യക്തമാക്കി തരാം. ആദ്യമൊക്കെ മറ്റുള്ളവരെ പോലെ ഞാനും കരുതിയിരുന്നത് ഗൂഗിളിന്റെ വരവ് യാഹൂവിനെ തകർത്തു എന്ന് തന്നെയാണ് .എന്നാൽ പിന്നീടാണ് എനിക്ക് മനസ്സിലായത് അത് എൻറെ തെറ്റായ ധാരണയായിരുന്നു എന്ന്. യഥാർത്ഥത്തിൽ ഗൂഗിൾ അല്ല യാഹുവിനെ തകർത്തത്. യാഹു സ്വയം പതനത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കുകയായിരുന്നു എന്നതാണ് സത്യം. അത് യാഹൂവിന് ബോധ്യം വരുമ്പോഴേക്കും സമയം ഒരുപാട് അതിക്രമിച്ചിരുന്നു.
1994ലാണ് യാഹൂ ആരംഭിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വെബ്സൈറ്റ് ആയി യാഹൂ വളർന്നിരുന്നു. എന്നാൽ ഇന്ന് യാഹുവിൻറെ പേര് പോലും ആർക്കും അറിയില്ല എന്നതാണ് സത്യം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? ഒരിക്കൽ 128 ബില്യൺ യുഎസ് ഡോളർ മൂല്യം ഉണ്ടായിരുന്ന ഒരു കമ്പനി പെട്ടെന്ന് ഇൻറർനെറ്റ് ലോകത്തിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാകാൻ എന്താണ് കാരണം? അതിൻറെ യഥാർത്ഥ കാരണങ്ങൾ വിശകലനം ചെയ്യുകയാണ് ഇവിടെ. അപ്പോൾ നമുക്ക് നോക്കാം.
* ശക്തമായ ഒരു ലീഡറിൻറെ അഭാവം
യാഹുവിൻറെ പരാജയത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് ഇത്. വ്യക്തമായ കാഴ്ചപ്പാടും, ചിന്താഗതിയും ഉള്ള ഒരു ലീഡർക്ക് മാത്രമേ കമ്പനിയെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ. കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ അങ്ങനെ ഒരു മികച്ച ലീഡറെ അവർക്ക് ഒരിക്കലും ലഭിച്ചില്ല. വെറും നാലു വർഷത്തിനുള്ളിൽ 6 സി.ഇ.ഒ മാരെയാണ് യാഹൂ മാറ്റി നിയമിച്ചത് എന്നത് തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അതിൽ പല സി.ഇ.ഒ മാരും കമ്പനിക്ക് ലാഭത്തേക്കാൾ കൂടുതൽ നഷ്ടമാണ് വരുത്തി വെച്ചത്. ഗൂഗിളിനെ ഏറ്റെടുക്കാനുള്ള അവസരം മൂന്നു തവണ കൈവന്നിട്ടും യാഹൂ അത് കൈവിട്ടു കളഞ്ഞു. നമ്മൾ ഇന്ന് ഉപയോഗിക്കുന്ന ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചിട്ടും അതും യാഹു ഉപയോഗപ്പെടുത്തിയില്ല. ഈ അവസരങ്ങളൊക്കെ യാഹൂ മനപ്പൂർവ്വം ഒഴിവാക്കുകയാണ് ചെയ്തത്. പകരം ഭാവിയിൽ ഒരു മൂല്യവും ഇല്ലാത്ത കുറേ കമ്പനികൾ ഏറ്റെടുക്കാനാണ് യാഹൂ തയ്യാറായത്. അല്ലായിരുന്നുവെങ്കിൽ യാഹൂ ഇന്നത്തെ ഇൻറർനെറ്റ് ലോകത്തിൻറെ അതികായനായി മാറുമായിരുന്നു. പക്ഷേ ദീർഘ വീക്ഷണം ഇല്ലാത്ത ലീഡർമാരുടെ കീഴിൽ, അവരുടെ തെറ്റായ തീരുമാനങ്ങളുടെ പേരിൽ യാഹൂ പൂർണമായും പരാജയപ്പെടുകയാണ് ഉണ്ടായത്. ഒരു ശക്തമായ, മികച്ച ഒരു ലീഡറിൻറെ അഭാവത്തിൻറെ നിഴലിൽ യാഹു എടുത്ത എല്ലാ തീരുമാനങ്ങളും അവർക്ക് തന്നെ ദോഷകരമായി ബാധിച്ചു.നേതൃപാടവമില്ലായ്മ യാഹുവിനെ പൂർണമായും തകർത്തു കളഞ്ഞു എന്ന് പറയുന്നതാണ് ശരി.

*വ്യക്തമായ ഒരു കാഴ്ചപ്പാടിന്റെ അഭാവം
യാഹുവിന് എങ്ങോട്ടാണ് പോകേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. നാലുവർഷത്തിനുള്ളിൽ 26 തവണയാണ് അവർ തങ്ങളുടെ മിഷൻ, വിഷൻസ് പ്രസ്താവനകൾ മാറ്റിയത് എന്നതിൽ നിന്നു തന്നെ ഇതു വ്യക്തമാണ്. ഇങ്ങനെ ലക്ഷ്യബോധമില്ലാത്ത യാത്രയും യാഹൂവിനെ തകർത്തെറിയുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു.
* മികച്ച ഒന്നും യാഹുവിൻറെ കൈവശം ഉണ്ടായിരുന്നില്ല.
യാഹുവിൻറെ ആരംഭകാലത്ത് ഒരു വെബ് സെർച്ച് എൻജിൻ എന്ന നിലയിൽ അത് വളരെ മുന്നിൽ തന്നെ ആയിരുന്നു. എന്നാൽ പിന്നീട് യാഹൂ ഇൻറർനെറ്റിലെ എല്ലാ സേവനങ്ങളിലും കൈകടത്താൻ തുടങ്ങി. ഇതോടെ യാഹൂ എന്ത് സേവനമാണോ നൽകിയിരുന്നത് അതിൽ നിന്ന് അവരുടെ ശ്രദ്ധ അകന്നുപോയി. അതിനാൽ തന്നെ ഒരു സർവീസിലും മികച്ചു നിൽക്കാൻ അവർക്ക് കഴിയാതെ പോയി
അവർ കൈകാര്യം ചെയ്യുന്ന എല്ലാ മേഖലയിലും മികച്ച മത്സരം കൂടി വന്നതോടെ പിടിച്ചുനിൽക്കാനാവാതെ യാഹൂവിന് പിന്മാറേണ്ടി വന്നു. യാഹൂവിൻറെ എതിരാളിയായ ഗൂഗിൾ മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ മുന്നേറിയപ്പോൾ യാഹൂ അതെല്ലാം മാൻ പവറിൽ ആണ് ചെയ്തിരുന്നത്. ഗൂഗിളിന്റെ അൽഗോരിതം മികച്ച കസ്റ്റമർ എക്സ്പീരിയൻസ് നൽകിയപ്പോൾ യാഹുവിന് അത്തരത്തിലുള്ള ഒരു അൽഗോരിതം നിർമ്മിച്ചെടുക്കാൻ പോലും കഴിഞ്ഞില്ല. ഇതും യാഹൂവിൻറെ തകർച്ചയിൽ പ്രധാന പങ്കുവഹിച്ചു.
* തീരുമാനങ്ങളെടുക്കുന്നതിൽ വന്ന കാലതാമസം.
യാഹുവിനു മുന്നിൽ വന്ന പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ യാഹൂ വളരെ അധികം സമയം ചെലവഴിച്ചു.ഉദാഹരണത്തിന് ഗൂഗിളിന്റെ കാര്യത്തിൽ ഫേസ്ബുക്കിൻറെ കാര്യത്തിൽ..... എന്നാൽ ഒരുപാട് സമയം ചെലവഴിച്ച് അവർ എടുത്ത പകുതിയിലധികം തീരുമാനങ്ങളും തെറ്റായി ഭവിക്കുകയും ചെയ്തു.
* മാനേജ്മെൻറ് നടപ്പിൽ വരുത്തിയ തെറ്റായ നയങ്ങൾ.
ഓരോ ജോലിക്കാരൻറെയും കാര്യക്ഷമത വർധിപ്പിക്കാൻ വേണ്ടി യാഹൂവിൻറെ മാനേജ്മെന്റ് നടപ്പിൽ വരുത്തിയ പല നയങ്ങളും ജോലിക്കാരുടെ ഇടയിലുള്ള ഒത്തൊരുമ തകർത്ത് അവർക്കിടയിൽ മത്സരം കൊണ്ടു വരികയാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞപ്പോഴേക്കും യാഹൂ ഏറെ വൈകിയിരുന്നു. ഇതും യാഹൂവിൻറെ പതനത്തിലേക്ക് വഴിവെച്ചു.
ഈ വസ്തുതകൾ പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് മനസ്സിലാകും യഥാർത്ഥത്തിൽ യാഹൂവിനെ തകർത്തത് യാഹു തന്നെയാണ്. അവരുടെ ഓരോ തീരുമാനങ്ങളും,പ്രവർത്തന രീതിയും തന്നെയാണ് അതിലേക്കുള്ള വഴി തുറന്നത്.
0 Comments