നമ്മളിൽ പലരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ തന്നെയാണ്. എന്താ ശരിയല്ലേ. നിങ്ങളിൽ പലരും ഇതിനോടകം ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടാകും. ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയുമാകും. എന്നാൽ നിങ്ങളിൽ എത്ര പേർ ആ യാത്രകളെ യഥാർത്ഥത്തിൽ ആസ്വദിച്ചിട്ടുണ്ട്? എന്ന് ചോദിച്ചാൽ ചുരുക്കം ചിലർ മാത്രമായിരിക്കും. നിങ്ങൾ നിങ്ങളുടെ കുട്ടിക്കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കേ.... അന്ന് നമ്മൾ ടൂർ പോകുന്നതിൻറെ ഒരു മാസം മുമ്പേ അതിന്റെ സന്തോഷത്തിലും, ആകാംക്ഷയിലും ആയിരിക്കും. ഇനി ആ ടൂർ കഴിഞ്ഞു വന്നാൽ ആകട്ടെ ഏകദേശം ഒരു മാസത്തോളം പറഞ്ഞു നടക്കാൻ ഉള്ള കഥകൾ നമുക്കുണ്ടാകും. എന്നാൽ അതേ നിങ്ങൾ ഇന്ന് ഒരു യാത്ര പോവുകയാണ് എങ്കിലോ? ഇതൊന്നും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. ഒപ്പം നിങ്ങൾ ആ യാത്രയെയോ, അവിടെ കണ്ട കാഴ്ചകളെയോ ഒരിക്കൽ പോലും ആസ്വദിച്ചിട്ടുണ്ടാകില്ല. എന്തുകൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിനുള്ള പ്രധാന കാരണം നിങ്ങൾക്ക് മുന്നിലുള്ള ലോകം ഇന്ന് മൊബൈൽഫോൺ എന്ന ഒരു ചെറിയ വസ്തുവിലേക്ക് ചുരുങ്ങിയിരിക്കുന്നു എന്നതാണ്. നിങ്ങൾ ഒരു യാത്ര പോകുമ്പോൾ പോലും പുറത്തെ കാഴ്ചകളേക്കാൾ മൊബൈൽ ഫോണിന് ഉള്ളിലെ കാഴ്ചകൾ കാണാനാണ് സമയം കണ്ടെത്തുന്നത്. യഥാർത്ഥത്തിൽ ഇത് നിങ്ങളുടെ ജീവിതത്തിലെ മികച്ച നിമിഷങ്ങളെ, സമയത്തെ അനുഭവങ്ങളെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈയിടെ ഞാൻ ഒരു മരണ വീട്ടിൽ പോയപ്പോൾ അവിടെയുള്ള മക്കൾ പോലും മൊബൈൽ സ്റ്റാറ്റസ് നോക്കുന്ന തിരക്കിലായിരുന്നു. എന്തൊരു മാറ്റം ആണല്ലേ ഈ ലോകത്തിന്?അല്ല ഈ ലോകം മാറി എന്നതല്ല നമ്മൾ മാറി എന്നതാണ് വസ്തുത. അത് എന്തു തന്നെയായാലും ഞാൻ ഇവിടെ യാത്രകളെ കുറിച്ചാണ് പറഞ്ഞു വന്നത്.
നമ്മൾ ജീവിതത്തിലൊരിക്കലെങ്കിലും ആസ്വദിച്ച് യാത്ര ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. യാത്രചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ചില ഗുണ വശങ്ങളെ ഞാൻ ഇവിടെ പറഞ്ഞു തരാം.
• പുതിയ അറിവുകൾ നേടാൻ കഴിയും
യാത്ര ചെയ്യുന്നതിലൂടെ നിങ്ങൾക്ക് പുതിയ ഒട്ടനവധി അറിവുകൾ നേടി എടുക്കാൻ കഴിയും. ഒരു യാത്രയും ചെയ്യാത്ത വ്യക്തിയുടെ അറിവും ഒട്ടനവധി യാത്രകൾ നടത്തിയ ഒരു വ്യക്തിയുടെ അറിവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകും. നമ്മൾ കഥകളിൽ നിന്ന് വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ അറിവുകളെ അടുത്തു നിന്ന് തൊട്ടറിയുമ്പോൾ ആ അനുഭവം ഒന്നു വേറെ തന്നെയാണ്. •ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടിൽ മാറ്റം വരുവാൻ യാത്രകൾ ഒരുപാട് സഹായിക്കും.
യാത്രകൾ നമുക്ക് ഒട്ടനവധി അനുഭവങ്ങൾ പകർന്നു നൽകും. ഒട്ടനവധി സംസ്കാരങ്ങളെയും പരിചയപ്പെടുത്തും. യാത്രകൾ നമുക്ക് ഒട്ടനവധി വ്യക്തികളുമായി ഇടപഴകാനുള്ള അവസരം ഒരുക്കി നൽകും. അത് നിങ്ങളെ ഇതു വരെയുള്ള ജീവിതത്തിന്റെ കാഴ്ചപ്പാടിൽ തന്നെ മാറ്റം വരുത്തുവാൻ സഹായിക്കും.
• പുതിയ സുഹൃത്തുക്കളെ നിങ്ങൾക്ക് സമ്മാനിക്കും.
യാത്രകൾ എപ്പോഴും പുതിയ വ്യക്തികളുമായി ഇടപഴകാനുള്ള അവസരം ഒരുക്കി നൽകും. നിങ്ങൾ മൊബൈൽഫോണിനെ മാത്രം സുഹൃത്താക്കിയാൽ നിങ്ങൾക്ക് അരികിലുള്ള ബന്ധങ്ങളും കുറയും. നിങ്ങളുടെ ചിന്താഗതി വളരെ ഇടുങ്ങിയതായ് തീരുകയും ചെയ്യും. അതിനാൽ തന്നെ എപ്പോഴും യാത്രകൾ ആസ്വദിച്ച് ചെയ്യുക. എപ്പോഴും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കാനും നിലനിർത്താനും ശ്രമിക്കുക.
• യാത്രകൾ നിങ്ങളുടെ മാനസിക സംഘർഷത്തെ കുറയ്ക്കാനും സഹായിക്കും.
യാത്രകൾ എപ്പോഴും മാനസിക സംഘർഷത്തെ കുറയ്ക്കാനുള്ള പ്രധാന ഉപാധിയാണ്. വലിയ കമ്പനികൾ പോലും അവരുടെ ജീവനക്കാർക്ക് മാനസിക ഉല്ലാസത്തിന് യാത്രകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. യാത്രകൾ നിങ്ങളുടെ ടെൻഷൻ, വിഷാദം എന്നിവ കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.• വിവിധ ഭാഷകളുമായി പരിചയപ്പെടാനുള്ള അവസരം യാത്രകൾ നിങ്ങൾക്ക് പ്രദാനം ചെയ്യുന്നുണ്ട്.
യാത്രകൾ എപ്പോഴും മികച്ച ഒരു വിനോദോപാധി തന്നെയാണ്. യാത്രകളെ പ്രണയിക്കുന്ന ഒരാളെ ഭ്രാന്തനെന്ന് വിളിക്കുന്നതിനു മുമ്പ് നിങ്ങൾ ഒന്നോർക്കുക.അയാൾ ആസ്വദിക്കുന്നതിൻറെ പകുതി പോലും നിങ്ങൾ ജീവിതം ആസ്വദിക്കുന്നില്ല എന്നതാണ് സത്യം. ഇനി അടുത്ത തവണ യാത്ര പുറപ്പെടുമ്പോൾ മൊബൈൽ ഫോണിനെ ബാഗിലിട്ട് പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കാൻ ശ്രമിക്കുക. നമ്മുടെ ജീവിതം എന്നത് വളരെ ചുരുങ്ങിയതാണ്. അതിൽ നിങ്ങൾക്ക് ഓർത്തുവയ്ക്കാൻ ഉണ്ടാവുക ഇത്തരം യാത്രകളിൽ നിന്ന് നിങ്ങൾ പകർത്തിയ ചിത്രങ്ങൾ മാത്രം ആയിരിക്കും. അതുകൊണ്ട് ആ ചിത്രങ്ങളെ എന്നും ഹൃദയത്തിൻറെ മടിത്തട്ടിൽ സൂക്ഷിക്കാൻ ശ്രമിക്കുക.ആ ചിത്രങ്ങൾക്ക് വജ്രത്തേക്കാൾ മൂല്യമുണ്ട് എന്ന് തിരിച്ചറിയുക. ഇനി ഒരു യാത്രയും ചെയ്യാത്തവരോടായ്... നിങ്ങൾ ജീവിതത്തിൽ ഈ വജ്രത്തെയാണ് നഷ്ടപ്പെടുത്തി കളയുന്നത് അതിനു പകരം നിങ്ങൾ എന്ത് നേടി എടുത്താലും അത് വെറുതെയാണ്.അതിനാൽ യാത്രകളെ പ്രണയിക്കൂ. അതിനെ ആസ്വദിക്കൂ....
0 Comments