യഥാർത്ഥത്തിൽ നമ്മുടെ ഈ കൊച്ചു കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരാണോ? നമ്മൾ എത്രയൊക്കെ പുരോഗമിച്ചു എന്നു പറഞ്ഞാലും, നമ്മുടെ നിയമ സംവിധാനങ്ങൾ എത്രയൊക്കെ ശക്തമായി എന്നാലും ഇവിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും, അധിക്ഷേപണങ്ങളും കൂടി വരുക തന്നെയാണ്. യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഈ ചോദ്യം നമ്മൾ സ്വയം നമ്മളോട് തന്നെ ചോദിക്കേണ്ട ചോദ്യമാണിത് എന്നു തോന്നുന്നു. ഞാൻ ഇത് ഇവിടെ കുറിക്കാനുള്ള കാരണം കഴിഞ്ഞ ദിവസം ഓഫീസിലേക്ക് ഉള്ള യാത്രയ്ക്കിടയിൽ സംഭവിച്ച ഒരു കാര്യമാണ്. ഞങ്ങൾ കുറച്ചുപേർ ആ ബസ്സിൽ സ്ഥിരം യാത്രക്കാർ ആണ്. മെഡിക്കൽ കോളേജ് വഴി പോകുന്നത് കൊണ്ട് തന്നെ നിരവധി നഴ്സുമാരും ആ വാഹനത്തിലെ സ്ഥിരം യാത്രക്കാരാണ്. ബസ്സിൽ സീറ്റുകൾ ഒഴിവ് ഉണ്ടാകുമെങ്കിലും അത് പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ് പതിവ്. മുന്നിലും, പിന്നിലും, നടുവിൽ അങ്ങനെ....പലപ്പോഴും ഞങ്ങളിൽ പലർക്കും സീറ്റുകൾ അങ്ങോട്ടുമിങ്ങോട്ടും മാറിയിരിക്കേണ്ടിയും വരാറുണ്ട്. സ്ത്രീകൾക്ക് സീറ്റ് കൊടുക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടി വരാറുള്ളത്. ചിലപ്പോൾ സ്ത്രീകൾക്ക് പുരുഷന്മാരുടെ ഇടയിൽ ഇരുന്ന് യാത്ര ചെയ്യേണ്ടി വരാറുണ്ട്. അതിൽ എന്തെങ്കിലും ഒരു തെറ്റു ഉള്ളതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അങ്ങനെ കഴിഞ്ഞ ദിവസം ഒരു ചേച്ചിക്ക് വേണ്ടി സീറ്റ് മാറി കൊടുക്കേണ്ടി വന്നപ്പോൾ ഒരാൾ പറഞ്ഞ വാക്കുകൾ ഏറെ വേദനിപ്പിച്ചതു കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്. അതിനു കുട ചൂടാൻ മറ്റൊരു യാത്രക്കാരൻ കൂടി തയ്യാറായി എന്നത് ഏറെ ലജ്ജാകരം തന്നെയായിരുന്നു.തിമിരം സിനിമയിലെ പോലെയുള്ള മാനസിക രോഗികൾ ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നു എന്നുള്ളത് ഏറെ നാണക്കേടുണ്ടാക്കുന്ന കാര്യം തന്നെയാണ്.ആ ചേച്ചി ആ ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ്. അവർ ആശുപത്രിയിലെ നഴ്സാണ് എന്ന് ഞങ്ങളിൽ പലർക്കും അറിയാം. അറിയാത്ത, ഇത്തരം അഭിപ്രായങ്ങളും കമൻറുകളും പറയുന്ന ഞരമ്പ് രോഗികളോടാണ് എനിക്ക് പറയാനുള്ളത്. ഈ സമൂഹത്തിൽ ജീവിക്കുന്ന ഒന്നോ രണ്ടോ വിഭാഗം സ്ത്രീകൾ ഒരുപക്ഷേ അങ്ങനെയൊക്കെ ആയിരിക്കാം. അതിനർത്ഥം ഈ സമൂഹത്തിൽ ജീവിക്കുന്ന എല്ലാവരും അങ്ങനെയാണെന്നല്ല.ഇനി കുറച്ചു പേർ അങ്ങനെയാണെങ്കിൽ തന്നെ അവർ അങ്ങനെയൊക്കെ ആയിതീരാൻ ഈ പറയുന്ന പുരുഷ വിഭാഗവും ഒരു കാരണമായിരുന്നു. നിങ്ങളുടെ ദുഷിച്ച കണ്ണുകൾ കൊണ്ട് അങ്ങനെ കാണാൻ ശ്രമിക്കുമ്പോൾ മാത്രമാണ് പലപ്പോഴും അത് അങ്ങനെയായി തീരുന്നത്. നിങ്ങളുടെ വീട്ടിലും ഇല്ലേ സ്ത്രീകൾ?
കോവിഡ് എന്ന മഹാമാരിയിൽ നിങ്ങളെല്ലാം പേടിച്ചുവിറച്ച് വീടിനുള്ളിൽ ഒളിച്ചപ്പോൾ സ്വന്തം കുടുംബത്തോടൊപ്പം പോലും സമയം ചിലവഴിക്കാതെ നിങ്ങളെ ഓരോരുത്തരെയും രക്ഷിക്കാൻ പോരാടാൻ ഇറങ്ങിത്തിരിച്ചവരാണ് ഇവിടുത്തെ ഓരോ ആരോഗ്യപ്രവർത്തകരും. നിങ്ങൾ ജനിച്ച വീണതു തന്നെ ഈ മാലാഖമാരുടെ കൈകളിലേക്കാണ് എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇതുപോലെ മനസ്സുനിറയെ വിഷവുമായി നടക്കുന്ന പുരുഷന്മാർ ഈ സമൂഹത്തിൽ ഉള്ളിടത്തോളം ഒരു സ്ത്രീയും ഇവിടെ സുരക്ഷിതമാണെന്ന് കരുതാൻ കഴിയില്ല.
ഒരു വിഭാഗത്തെയും വേദനപ്പെടുത്താനോ,മോശമായി കണ്ടു കൊണ്ടോ അല്ല ഞാൻ ഇത് ഇവിടെ എഴുതുന്നത്.അങ്ങനെ ഒരു ഉദ്ദേശ്യം എനിക്ക് ഇല്ല.
0 Comments